എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Thursday, July 16, 2009

വെള്ളിനക്ഷത്രവുമായി ബ്ലോത്രം ചില വാക്കുകള്‍ പങ്കിടുന്നു.മലയാള ബ്ലോഗിന്‍റെ ഒരു സുവര്‍ണഘട്ടത്തില്‍ വായനക്കാര്‍ എന്നും കാത്തു നിന്നിരുന്ന ബ്ലോഗാണ് 'വെള്ളിനക്ഷത്രം'. ആശയ സംവാദങ്ങളും വിമര്‍ശനങ്ങളും കുറവായിരുന്നില്ലെങ്കിലും എല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണമായ എന്തോ ഒന്ന് മലയാളബ്ലോഗിനു മീതെ തണലായി പന്തലിച്ചു നിന്ന ആ കാലത്ത് കവിതയുടെ മിന്നലാട്ടങ്ങളും അതിലുപരി വിവാദങ്ങളും കൊണ്ട് ഏറ്റവും ശ്രദ്ധേയനായ കവികളില്‍ ഒരാളാണ് സഗീര്‍ പണ്ടാരത്തില്‍. പദങ്ങളുടെ പേരിലും മറ്റും കവിയും വായനക്കാരും തമ്മില്‍ പലപ്പോഴും അണിതിരിഞ്ഞെങ്കിലും, തരളമായ ആ കവിഹൃദയം പൊടുന്നനെ ഒരു ദിവസം എഴുത്തു നിര്‍ത്തിയതായി പ്രഖ്യാപിച്ചപ്പോള്‍ ബൂലോകത്തിനു നൊന്തില്ല എന്നു പറഞ്ഞാല്‍ അത് കളവാണ്. ഒരിക്കല്‍ ഹിറ്റുകള്‍ കൊണ്ട് മുഖരിതമായിരുന്ന ആ കൊച്ചു നക്ഷത്രവെളിച്ചത്തില്‍ നിന്ന് കവിയുമായി ബ്ലോത്രം ചില വാക്കുകള്‍ പങ്കിടുന്നു.


ബ്ലോത്രം:ഗൃഹാതുരം, പ്രവാസം, വിരഹം-പ്രണയം.. ഇവയൊക്കെച്ചേര്‍ന്ന് ചെത്തിക്കുറുക്കിയ കവിതകളായിരുന്നു തുടക്കം. എങ്ങനെയാണ് കവിതയുടെ ലോകത്തേക്ക് വന്നത്?

സഗീര്‍:എന്റെ മനസ്സിനെ അലട്ടുന്ന എന്ത് പ്രശ്നങ്ങളും എനിക്ക് വിഷയങ്ങളാണ്.തുടക്കത്തില്‍ മാത്രമല്ല ഇപ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങളിലൂടെ തന്നെയാണ് ഞാന്‍ സഞ്ചിരിക്കുന്നത്.ആ കൂട്ടത്തില്‍ പ്രകൃതി വിട്ടുപോയിട്ടുണ്ട്.ഒരു പക്ഷെ കവിതയില്‍ ഇത്രക്കധികം വ്യത്യസ്ഥമായ വിഷയങ്ങളിലൂടെ കടന്നുപോയ ഒരു കവി ഞാന്‍ മാത്രമായിരിക്കും ബ്ലോഗിലെന്ന് എനിക്ക് തോന്നാറുണ്ട്.

ഇനി കവിതയുടെ ലോകത്തേക്കുള്ള വരവിനെ പറ്റി പറയാം.എന്റെ തുടക്കം ചായകൂട്ടുകളില്‍ നിന്നായിരുന്നു.ആദ്യമൊക്കെ നോട്ട് ബുക്കില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ കോറിയിടുമായിരുന്നു.പിന്നെ പതുക്കെ പതുക്കെ ചുറ്റും കാണുന്ന പ്രകൃതിയെ നോക്കി വരക്കാന്‍ തുടങ്ങി.

കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന സമയം,ഒരു മഴക്കാലം.വീടിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു,നല്ല ഇടിയും,മിന്നലും ഒപ്പം കുളിര്‍ കാറ്റും.എന്തോ ഒരു അനുഭൂതി എവിടെ നിന്നോ എന്‍ മനസിലേക്കു പടര്‍ന്നുകയറി.അന്നാദ്യമായ്‌ ഞാന്‍ എന്റെ ചിത്രബുക്കില്‍ ഒരു മഴചിത്രത്തോടൊപ്പം മഴയെകുറിച്ച്‌ എന്തെക്കെയോ കുത്തിക്കുറിച്ചു.പിന്നീടെപ്പോഴോ എനിക്കു തോന്നുന്നതെല്ലം ഞാന്‍ എന്‍ ബുക്കില്‍ വീണ്ടും വീണ്ടും കുത്തിക്കുറിച്ചു.പിന്നീട്‌ ഒരു നാള്‍ അതെല്ലാം എന്റെ ഉമ്മയറിഞ്ഞു.എന്റെ പ്രചോതനവും വിമര്‍ഷകയുമെല്ലാം ആദ്യകാലങ്ങളില്‍ എന്റെ ഉമ്മതന്നെയായിരുന്നു.

പിന്നിട്‌ എന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍ പിന്നെപ്പിന്നെ എല്ലാവരും ഇപ്പോള്‍ നിങ്ങളും ഈ ബ്ലോഗിലൂടെ എന്റെ പ്രചോതനവും വിമര്‍ഷനവുമായി നില്‍ക്കുന്നു.

ബ്ലോത്രം:കാലിക പ്രതിഫലനങ്ങളുണ്ട്, ആദ്യ കവിതകളുടെ കൂട്ടത്തിലുള്ള 'കാടു കാണാന്‍, കപടലോകത്തിലെ മാന്യന്‍' തുടങ്ങിയവയില്‍; ഒരു കവിയുടെ ചേദന ആദ്യമുണരേണ്ടത് കാലത്തോടുള്ള ഘര്‍ഷണം കൊണ്ടാണോ?

സഗീര്‍:തീര്‍ച്ചയായും,‘കാടു കാണാന്‍‘ എന്ന കവിത എഴുതുവാനുള്ള പ്രേരണ ലഭിച്ചത് ഒ.എന്‍.വി.യുടെ ‘ഭൂമിക്കൊരു ചരമഗീതം‘ എന്ന കവിതയില്‍ നിന്നാണ്.ഈ കവിത എനിക്ക് ഒന്‍പതാം ക്ലാസില്‍ പഠിക്കാനുണ്ടായിരുന്നു.‘കപടലോകത്തെ മാന്യന്‍‘ അക്കാലത്തെ വളരെ കുപ്രസിദ്ധമായ ഒരു വാര്‍ത്ത മനസ്സിലുണ്ടാക്കിയ നൊമ്പരത്തിന്റെ ബാക്കി മുഖമാണ്.ഇതു പോലെ സമകാലിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പല കവിതയും ഞാന്‍ എഴുതിയിട്ടുണ്ട്.

ബ്ലോത്രം:"നമ്മള്‍ ഒന്നും മറച്ചുവെച്ചില്ല; നമ്മളാം ജീവിതത്തില്‍.
നെഞ്ചിലെ ദു:ഖത്തെ സ്നേഹിച്ചു, തണുപ്പാക്കിമാറ്റി നമ്മള്‍.."
"നശ്വരമാം ജീവിതമേ, നീ ക്ഷണികമെന്നോര്‍ക്കുക.
നിന്‍ ക്ഷണികമാം ജീവിതം, അനശ്വരമാക്കിടാന്‍ ശ്രമിക്കുക"
ജീവിതത്തിന്‍റെ സമ്പത്ത് സ്വയം സൃഷ്ടിച്ച് മുന്‍പോട്ട് പോകണം എന്നാണല്ലോ ഈ വരികള്‍ പറയുന്നത്?

സഗീര്‍:ജീവിതത്തിന്‍റെ സമ്പത്ത് സ്വയം സൃഷ്ടിച്ച് മുന്‍പോട്ട് പോകാന്‍ ഇന്ന് എത്ര പേര്‍ക്ക് ഈ ലോകത്ത് കഴിയുന്നുണ്ട്.ഈ ക്ഷണികമാം ജീവിതത്തെ അനശ്വരമാക്കിടാന്‍ നമ്മളില്‍ സ്നേഹം ഉണ്ടാവണം അല്ലെങ്കില്‍ ജീവിതച്ചൂടില്‍ വെന്തുരുകി നമ്മള്‍ നാശമായിടും.

ബ്ലോത്രം:"നിന്‍ ഭ്രാന്തമാം അട്ടഹാസം; കേള്‍ക്കുവാന്‍ ആരുമില്ലെന്ന മൂഢചിന്തയില്‍ നീയെടുത്തു,
ആയിരമായിരം ജീവന്‍....കടലേ എല്ലാം നിന്‍ മൂഢചിന്ത.."

'എല്ലാം നിന്‍ മൂഢചിന്ത' എന്ന കവിതയില്‍ പ്രകൃതിയോടുള്ള നിസഹായതക്കുമപ്പുറം മനുഷ്യന്‍റെ മനക്കരുത്ത് വളര്‍ന്ന് കയറുന്നു. മറ്റൊരു കവിതയില്‍,

"ജീവിതം ബന്ധനങ്ങളുടെ രസാവഹമാം-
പ്രഹസന കാഴ്ച്ചകള്‍ മാത്രമാവും കാലം.
മര്‍ത്യരിവിടെ നിസ്സഹായരാവും കാലം.
ലോകം ചെറുതാവുന്നു,മര്‍ത്യര്‍ അകലുന്നു.
ഇനി എന്നാണീ യോഗങ്ങളും, വിയോഗങ്ങളും,-
അവസാനിക്കും കാലത്തിലേക്കുള്ള എന്‍ മൂഢമാം യാത്ര?"

മനസുകളുടെ വിയോഗത്തില്‍ ആ മനക്കരുത്തും നിസ്സഹായമാവുകയാണല്ലോ?

സഗീര്‍:സുനാമി ഉണ്ടായപ്പോള്‍ എഴുതിപ്പോയ ഒരു കവിതയിലെ വരികളാണ് ആദ്യം പ്രതിപാദിച്ചിരിക്കുന്നത്.ഒരു നാള്‍ കടലിനു തോന്നിയ ഒരു മൂഢചിന്തയില്‍ നിന്നാണ് സുനാമി ഉണ്ടായതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

പിന്നെ രണ്ടാമത് പറഞ്ഞ വരികള്‍,ജിവിതം ഇന്ന് അഭിനയമായിടുന്ന ഒരു കാഴ്ച കാണേണ്ടി വന്നതിനുശേഷം മനസില്‍ രൂപമെടുത്തതാണ് ഈ വരികള്‍.പണ്ട് അതിര്‍ത്തികള്‍ ഇല്ലാ‍തിരുന്ന ഈ ഭൂമിയില്‍ അതിര്‍ത്തികള്‍ തീര്‍ത്ത് ആരൊക്കെയോ ഓരോ രാജ്യമാക്കി വേര്‍ത്തിരിച്ചു.അവസാനം ഈ ഭൂമിയില്‍ നമ്മള്‍ക്കും കിട്ടി കുറച്ച് സ്ഥലം.അതിനെ നമ്മള്‍ വേലികെട്ടി തിരിച്ചു.

എങ്ങിനെ ഈ ഒരു സാഹചര്യം വന്നു!പഴയ ആ കാലം;അതിര്‍ത്തികള്‍ ഇല്ലാത്ത കാലം,പരന്ന് ഒന്നായി കിടക്കുന്ന ഭൂമി!ആ കാലത്തിലേക്കുള്ള ഒരു യാത്ര ഇനി സാദ്ധ്യമല്ല!അതാണ് ഈ യോഗങ്ങളും, വിയോഗങ്ങളും അവസാനിക്കും കാലത്തിലേക്കുള്ള എന്‍ മൂഢമാം യാത്ര.

മനുഷ്യന്റെ ഈ കരുത്തിനു പകരമായി ഭൂമി ഒരുന്നാള്‍ പകരം ചോദിക്കും,ഒരു പക്ഷെ അത് ഇന്ന് കാണുന്ന പോലെയായിരിക്കില്ല!മൊത്തമായിട്ടായിരിക്കും അതു കാണാന്‍ ഞാനും നിങ്ങളും ഉണ്ടായെന്നുവരില്ല!


ബ്ലോത്രം:"ഈ രാത്രിയിലെനിക്കെഴുതിടാം...ഏറ്റവും പ്രണയമനോഹരഗാനം.
ഈ രാത്രിയിലെനിക്കെഴുതിടാം...ഏറ്റവും ദു.ഖപൂരിതഗാനം.
ഈ രാത്രി എത്ര സുന്ദരം. ഈ രാത്രി എത്ര സുന്ദരം.
എന്നു ചൊല്ലിയ പാബ്ലോനെരൂദേ നീ എത്ര ഭാഗ്യവാന്‍!
നിന്നിലെത്താന്‍, ഞാന്‍ എത്ര ദൂരം യാത്ര ചെയ്തിടേണം.
ഞാന്‍ എത്ര ദൂരം യാത്ര ചെയ്യ്തിടേണം"

കവിതയോട് അടങ്ങാത്ത ഈ ഭ്രമത്തില്‍ സ്വാധീനങ്ങളുണ്ടോ?

സഗീര്‍:ആംഗലേയകവികളില്‍ ഞാന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു കവിയാണ് ഇദ്ദേഹം.ഒരു പക്ഷെ സ്വാധീനിച്ചിരിക്കാം മന:പൂര്‍വം അങ്ങിനെ ഒരു ശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

ബ്ലോത്രം:"ഇന്നലെ രാത്രിയില്‍ വഴിപോക്കര്‍ക്കുനല്‍കിയാ
മണ്‍ചിരാതിന്‍ വെളിച്ചം, മണ്‍ചിരാതിന്‍ വെളിച്ചം.
ഇന്നിപകലിലാരാലും ഗൌവുനിക്കപ്പെടാതെ, മണ്‍ചിരാത്‌ ഏകനായ്‌"

ഒരു സമയത്ത് ഏറ്റവുമധികം വായനക്കാരുണ്ടാവുകയും ദിനേന കാത്തു നില്‍ക്കപ്പെടുകയും ചെയ്തിരുന്ന കവിതാ ബ്ലോഗാണ് താങ്കളുടേത്. എന്ത് പറയുന്നു അതേപ്പറ്റി?

സഗീര്‍:ഞാന്‍ ബ്ലോഗില്‍ കവിതകള്‍ എഴുതാതിരുന്നപ്പോള്‍ പലരും എന്നെ മന:പൂര്‍വ്വം താഴ്ത്തികെട്ടാനും ഒപ്പം പ്രകോപിക്കാനും ശ്രമിച്ചു.എന്നാല്‍ ഞാന്‍ കവിതകളെഴുതാതെ മാറി നിന്നത് ഈ ബൂലോകത്ത് നിന്ന് മാത്രമാണ്!ഈ സമയത്തൊക്കെ ഞാന്‍ എഴുതിയിരുന്നു,പക്ഷെ അതെല്ലാം ഇന്നും കടലാസുകളില്‍ അക്ഷരങ്ങളായി ജ്വലിക്കുന്നുണ്ട്!

എന്റെ കവിതകള്‍ കാലത്തിന്റെ കനലുകളില്‍ എരിയുന്ന കാഞ്ഞിരക്കായക്കുള്ളില്‍ നിന്നും തോറ്റിയെടുത്ത കയ്‌പ്പുകളുമായ്‌ സംവദിക്കുന്നവയാണ്.അതിനാല്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ വെള്ളിനക്ഷത്രമായ്‌,ഭൂമിയിലെ ഒട്ടുമിക്ക കാര്യങ്ങളിലൂടെയും കടന്നു പോവുകയാണ്‌. ചിലപ്പോള്‍ ഇവയിലേതെങ്കിലും വിഷയങ്ങള്‍ വായനക്കാരായ നിങ്ങളെ ബാധിച്ചേക്കാം ഒന്നും മന:പൂര്‍വമല്ല.സവിനയം ക്ഷമിക്കണം.

കല്ലും മുള്ളും നിറഞ്ഞ ഈ വഴികളിലൂടെ,നിങ്ങളുടെ സമ്മതപ്രകാരം ഞാന്‍ എന്റെ ഈ നടപ്പു തുടരട്ടെ.ഇന്നും അന്നും എന്റെ കവിതയെ സീരിയസായി വായിക്കുന്ന ഒരു പറ്റം ആള്‍ക്കാര്‍ ഇവിടെയുണ്ട്,എന്നു തന്നെയാണ് എന്റെ വിശ്വാസം.

ബ്ലോത്രം:"വളകള്‍ തകര്‍ന്ന എന്‍ കയ്യില്‍ ചോര മൗനമായ്‌ നിന്നു, എന്‍ മരണത്തിലും" എന്ന വരികള്‍ ഉള്‍പ്പെടുന്ന 'വളപ്പൊട്ടുകള്‍' എന്ന കവിതയാണ് ആസ്വാദക ശ്രദ്ധയുടെ കാര്യത്തില്‍ താങ്കള്‍ക്ക് ഒരു ബ്രേക്ക് തന്നത്. അത് എങ്ങനെ ഓര്‍മിക്കുന്നു ഇപ്പോള്‍?

സഗീര്‍:ഈ കവിത ഞാന്‍ ബ്ലോഗില്‍ നൂറ്റിനാല്പതാം കവിതയായാണ് പ്രസിദ്ധികരിച്ചെതെന്നാണ് എന്റെ ഓര്‍മ്മ,അന്ന് ബ്ലോഗില്‍ കത്തിനിന്നിരുന്ന അനോണിമാഷ് എന്ന അനോണി ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ അതിനെ കുറിച്ചെഴുതിയിരുന്നു.ആ ഒരു തേജോവധം ആരും മറന്നിരിക്കാന്‍ വഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.ഈ കവിത എനിക്ക് ഒരു ബ്രേക്ക് തന്നെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.ഈ കവിതയെക്കാളും കൂടുതല്‍ കമേന്റും വായനക്കരും ഉണ്ടായത് 'പതിനാല് വേഗങ്ങള്‍' എന്ന കവിതക്കാണ്

ബ്ലോത്രം:താങ്കളുടെ അതി പ്രശസ്തമായ കവിതയാണല്ലോ 'പതിനാല് വേഗങ്ങള്‍'. മലയാള ബ്ലോഗിന്‍റെ തന്നെ ഒരു സുവര്‍ണ കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട കവിതകളിലൊന്ന്. എന്തായിരുന്നു ആ കവിതയുടെ ഉറവിലേക്ക് നയിച്ചത്?

സഗീര്‍:തീര്‍ച്ചയായും അത് മലയാളം ബ്ലോഗിന്റെ സുവര്‍ണകാലമായിരുന്നു.ഈ കവിതയുടെ പിറവിയുമായി ബന്ധപ്പെട്ട് അനോണി ആഷാന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു ആര്‍ട്ടിക്ക്ള്‍ എഴുതുകയുണ്ടായി ഇത് വായിച്ചിരിക്കുമെന്ന് കരുതുന്നു.
ആ പഠനം ശരിയാണ് മലയാള മനോരമയില്‍ വന്ന ആ ലേഖനമാണ് എനിക്ക് ഈ കവിത എഴുതുവാന്‍ പ്രചോദനമായത്.

ബ്ലോത്രം:ബ്ലോഗില്‍ വായനക്കാര്‍ പലപ്പോഴും പദങ്ങളോടു ബന്ധപ്പെട്ടും മറ്റും താങ്കള്‍ വരുത്തേണ്ട തിരുത്തലുകള്‍ ചൂണ്ടിക്കാട്ടിയത് അവഗണിച്ചു എന്ന പരാതി ആദ്യഘട്ടത്തില്‍ കേട്ടിരുന്നു. പിന്നീട് താങ്കള്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ മാനിച്ചുവെങ്കിലും തുടക്കത്തില്‍ അത്തരം അഭിപ്രായങ്ങള്‍ അസഹനീയമായിരുന്നുവോ?

സഗീര്‍:അസഹനീയമായിട്ടൊന്നും തോന്നിയിട്ടില്ല.ഞാന്‍ അതിന്റെ നല്ല വശങ്ങള്‍ മാത്രം കാണാന്‍ ശ്രമിക്കുകയാണ്‌ ഇപ്പോഴും അപ്പോഴും

ബ്ലോത്രം:തുടര്‍ന്ന് "വക്ഷസ്സാംബരങ്ങള്‍" എന്ന കവിതയും ആ പദവുമാണ് വിവാദങ്ങളുടെ പ്രളയം തന്നെ സൃഷ്ടിച്ചത്. ഇങ്ങനെ പരിചിതമല്ലാത്ത ഒരു പദം താങ്കള്‍ എന്തുകൊണ്ടാണ് ആ കവിതയില്‍ പ്രയോഗിച്ചത്? ആ വാക്കിനെ പലവായനക്കാരും നിരാകരിച്ചപ്പോള്‍ താങ്കള്‍ക്ക് എന്ത് തോന്നി?

സഗീര്‍:വക്ഷസാംബരങ്ങള്‍ ഒരു പുതിയ പദമാണോ എന്ന് എനിക്ക്‌ ഇപ്പോഴും അറിയില്ല.ഞാനാണ്‌ ഈ പുതിയ വാക്ക്‌ ഉണ്ടാക്കിയതെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.മുലക്കച്ചയെന്നാണ്‌ അര്‍ത്ഥം.പീതാംബരന്‍(കൃഷ്ണന്‍) എന്നൊക്കെ പറയാറില്ലേ ,അതുപോലുള്ളൊരു വാക്ക്‌.ഇത്‌ ഇത്ര വലിയ ഒരു വിഷയമാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.

ബ്ലോത്രം:കവിയുടെ സ്വാതന്ത്ര്യം ഇടപെടലുകള്‍ക്ക് വഴങ്ങിക്കൂടാ എന്ന് വിചാരിക്കുന്നുവോ? വ്യക്തമായ അര്‍ഥദീപ്തി നല്‍കാനാവുമെങ്കില്‍ പുതിയ പദങ്ങള്‍ ഭാഷയിലേക്ക് വരേണ്ടതും ആവശ്യമല്ലേ, എന്തു പറയുന്നു?

സഗീര്‍:തീര്‍ച്ചയായും ആവശ്യമാണ്‌,ഈ അടുത്തിടെ നാം കേട്ടതാണ്‌ മലയാളസിനിമയിലെ പുതിയ പാട്ടെഴുത്തുകാരനായ അനില്‍ പനച്ചൂരാനില്‍ നിന്നും 'രോമാശയം' എന്ന വാക്ക്‌.പണ്ടും പല കവികളും അവരവരുടെ കാഴ്ച്ചപ്പാടുകള്‍ വെച്ച്‌ വാക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്‌.ഇതൊക്കെ ഇന്ന് നാം ഉപയോഗിക്കുന്നുമുണ്ട്‌.

ബ്ലോത്രം:താങ്കളുടെ ബ്ലോഗില്‍ വരുന്ന കവിതകള്‍ വായിച്ച് കമന്‍റ് നല്‍കുന്നവരുമായി നിരന്തരം സംവദിക്കുന്ന രീതിയുണ്ടായിരുന്നു താങ്കള്‍ക്ക്. ഇത് പലപ്പോഴും കൈവിട്ട് പോയതായി തോന്നുന്നുവോ?

സഗീര്‍:തീര്‍ച്ചയായും,പലപ്പോഴും ഇത്‌ കൈവിട്ടുപോയി എന്ന ഒരു തോന്നലാണ്‌ എന്നെ അതില്‍ നിന്ന് ഇപ്പോഴും പിന്തിരിപ്പിച്ച്‌ നിര്‍ത്തുന്നത്‌.കമന്റ്‌ എഴുതുന്നവര്‍ അത്തരത്തില്‍ എന്തോ എന്നില്‍ നിന്ന് പ്രതീക്ഷിച്ചാണ്‌ എന്ന് തോന്നത്തക്ക രീതിയില്‍ കൂടിയുമായിരുന്നു.

അസഹിഷ്ണുത തോന്നിയ പലഘട്ടങ്ങളിലും വിമര്‍ശനങ്ങള്‍ ക്രിയാത്മകമാവാതെ വന്നപ്പോഴും വിമര്‍ശനങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളാനും ഞാന്‍ ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള ആശയ സംവാദം മറ്റു മാധ്യമങ്ങളില്‍ സാധ്യമല്ലാത്ത സ്വാതന്ത്ര്യം തരുന്ന ഒന്നാണെന്ന് മനസിലാക്കി പ്രതികരണങ്ങളുടെ അതിര്‍ വരമ്പുകള്‍ സ്വയം നിശ്ചയിക്കാനും ശ്രമിച്ചിരുന്നു.

ഇപ്പോള്‍ അതില്‍ നിന്നൊക്കെ മാറ്റങ്ങള്‍ കാണുന്നുണ്ട്‌.ഇത്തരത്തില്‍ കമന്റെഴുതിയ പലരും(അനോണികള്‍)എന്നെ ഫോണിലൂടെ വിളിച്ചും മെയിലയച്ചും ക്ഷമ ചോദിച്ചിട്ടുമുണ്ട്‌.എല്ലാ അനോണികളും ബ്ലോഗിലെ നല്ല എഴുത്തുകാരാണ്‌.ഇവര്‍ ഇത്തരം കമന്റെഴുതാന്‍ മാത്രമായി കെട്ടുന്ന ഒരു മുഖമൂടിയാണ്‌ ഈ അനോണിക്കളി.ഇത്‌ തിരിച്ചരിയാന്‍ ഞാന്‍ അല്‍പം വൈകി എന്നു മാത്രം

ബ്ലോത്രം:ചിത്രകാരന്‍ കൂടിയായ താങ്കള്‍ കവിതകളോടൊപ്പം ചേര്‍ത്തുപോന്നിരുന്ന ചിത്രങ്ങളെച്ചൊല്ലിയും ഒച്ചപ്പാടുണ്ടായല്ലോ. സ്വന്തം ചിത്രങ്ങള്‍ കവിതകള്‍ക്ക് കൂടുതല്‍ ജ്വലനം നല്‍കുമായിരുന്നില്ലേ?

സഗീര്‍:തീര്‍ച്ചയായും,സ്വന്തം ചിത്രങ്ങള്‍ കുറേയൊക്കെ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്‌.അതുപോലെ എന്റെ ഒരു കൂട്ടുകാരനായ പി.ആര്‍.രാജന്‍ വരച്ചയച്ചു തരുന്ന ചിത്രങ്ങളും ഞാന്‍ എന്റെ കവിതകളില്‍ ചേര്‍ക്കാറുണ്ട്‌.ഇദ്ദേഹം എന്റെ നാട്ടുക്കാരനാണ്‌,ഇപ്പോള്‍ ചെന്നൈയിലാണ്‌ എന്നു മാത്രം.

നെറ്റില്‍ നിന്നും ബ്രവുസ്‌ ചെയ്‌ത്തെടുക്കുന്ന ചിത്രങ്ങളും ഞാന്‍ ചിലപ്പോഴൊക്കെ ചേര്‍ക്കാറുമുണ്ട്‌.എല്ലാ ചിത്രത്തിനും താഴെ ഇത്‌ ആരുടെ ചിത്രമാണ്‌ എന്ന് എഴുതിയിരുന്ന ഒരു പതിവുണ്ടായിരുന്നു.നെറ്റില്‍ നിന്നു കിട്ടിയ ചില ചിത്രങ്ങളുടെ കീഴെ അറിയാതെ എന്റെ പേര് വന്നു.ഇത്‌ തിരുത്താന്‍ സമയം തരാതെ ഞാന്‍ എന്തോ വലിയ ഒരു അപരാധം ചെയ്ത മട്ടില്‍ കമേന്റെഴുതി കണ്ടപ്പോള്‍ എന്നില്‍ ഉണ്ടാക്കിയ വികാരങ്ങള്‍ ഒച്ചപടുകള്‍ ഉണ്ടാക്കിയീട്ടുണ്ട്‌.

ബ്ലോത്രം:വിവാദങ്ങളുടെ മൂര്‍ദ്ധന്യത്തില്‍ "നിങ്ങള്‍" എന്ന കവിതയിലൂടെ കവി വായനക്കാരോട് ഏറ്റുമുട്ടലെന്നോണം പ്രതികരിച്ചു. ഇത് ശരിയായില്ല എന്ന് പീന്നീട് തോന്നിയിട്ടുണ്ടോ?

സഗീര്‍:ഇല്ല ഒരിക്കലുമില്ല,അത്‌ ഒരു കവിത മാത്രമാണ്‌. വായനക്കാരാണ്‌ അത്‌ അത്തരത്തിലുള്ളൊരു ഏറ്റുമുട്ടലെന്ന് വ്യഖ്യാനിച്ചത്‌.

ബ്ലോഗ് എഴുതാന്‍ ഭാഗ്യം ലഭിച്ചവര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി ബ്ലോഗ് സൗഹൃദത്തെ കാണണം എന്ന് ഞാന്‍ എന്റെ പ്രിയ കൂട്ടുകാരോട് പറയുകയാണ് ഈ വേളയില്‍.

ബ്ലോത്രം:പ്രശസ്ത ബ്ലോഗര്‍ കുറുമാന്‍ ഒരിക്കല്‍ താങ്കളുടെ വിമര്‍ശകരോട് "ആത്മസംതൃപ്തിക്കായി അദ്ദേഹം എഴുതട്ടെ. നമുക്ക് വായിക്കാം. ഒരാള്‍ക്കും ശല്യമില്ലാതെ വളരുന്ന ചെടിയെ ചവിട്ടിമെതിക്കാതിരിക്കാം" എന്ന് പറയുകയുണ്ടായി. ആത്മസംതൃപ്തിക്കായാണെഴുതുന്നത് എന്ന് താങ്കളും പലവട്ടം സൂചിപ്പിച്ചിരുന്നു. പക്ഷേ വിവാദങ്ങള്‍ താങ്കളുടെ കവിതയെ ചൂഴ്ന്നു നിന്ന ആ കാലം താങ്കളുടെ സര്‍ഗ്ഗശേഷിയെ എങ്ങനെ ബാധിച്ചു?

സഗീര്‍:വിവാദങ്ങളില്‍ നിന്ന് കുറെ പാഠങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടു,എന്നല്ലാതെ അത്‌ തെല്ലും എന്റെ സര്‍ഗ്ഗശേഷിയെ ബാധിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ബ്ലോത്രം:കമന്‍റുകള്‍ തടയുക, ഡിലീറ്റ് ചെയ്യുക, ബ്ലോഗ് പൂട്ടുക തുടങ്ങിയ പ്രതികരണങ്ങള്‍ താങ്കളില്‍ നിന്നുണ്ടായപ്പോഴും 'പ്രതീക്ഷ' എന്ന കവിതയില്‍ എഴുതിയതു പോലെ,
"ഒരു വാക്ക് എഴുതുവാന്‍ കൊതിച്ചു,
എഴുതുവാനിരുന്നപ്പോള്‍ ഉള്ളം പിടച്ചു
മനസിന്റെ നീല വിഹായസ്സില്‍ മഴയായ് ഗദ്ഗദം പെയ്തിറങ്ങി.
കാറ്റിന്റെ കൈകളില്‍ കനലായ് കനവുകള്‍ എരിഞ്ഞടങ്ങി!
..........................
പിന്നെയും ആരുടെയോ അനുരാഗം പ്രതീക്ഷകളായ് നിന്നു!"

എഴുത്തിനോടുള്ള ഈ അനുരാഗമാണോ താങ്കളെ ബ്ലോഗ് കവിതയിലേക്ക് മടക്കിവരുത്തിയത്?

സഗീര്‍:തീര്‍ച്ചയായും,എഴുത്തിനോടുള്ള ഈ അനുരാഗം തന്നെയാണ്.
ഈ കവിത എഴുതിയതിനു ശേഷം അതിനുവന്ന കമേന്റുകള്‍ കണ്ട് മനം മടുത്തിട്ടായിരുന്നല്ലോ,ഞാന്‍ കുറച്ചുകാലം ബ്ലോഗെഴുത്ത് നിറുത്തിയത്.

ബ്ലോത്രം:"മുടിഞ്ഞ പണിത്തിരക്കിന്റെ ഇടയില്‍,ഒരു ചൂടും, പുകയും കിട്ടിയിരുന്നത് സഗീറിന്റെ പോസ്റ്റിലെ കവിതകളും കമന്റുകളും വായിക്കുമ്പോഴായിരുന്നു" - താങ്കള്‍ പൊടുന്നനെ ബ്ലോഗ് നിര്‍ത്തിയപ്പോള്‍ വന്ന പ്രതികരണങ്ങളിലൊന്നാണിത്. വിമര്‍ശിച്ചുകൊണ്ടു തന്നെ ബൂലോകം ഗൂഡ്ഡമായെങ്കിലും താങ്കളെ സ്നേഹിച്ചിരുന്നു എന്ന് താങ്കള്‍ ഇന്ന് മനസിലാക്കുന്നുവോ?

സഗീര്‍:ഇതും കുറുമാന്റെ വാക്കുകളാണെന്നാണ് എന്റെ ഓര്‍മ.തീര്‍ച്ചയായും മനസിലാക്കുന്നുണ്ട്.ആദ്യമാദ്യം എനിക്ക് അങ്ങിനെ തോന്നിയിരുന്നില്ല.പിന്നെ പലരും എന്നെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കാന്‍ തുടങ്ങി. അമേരിക്ക, ഒമാന്‍, ബഹ്‌റൈന്‍, ദുബായ്, ഖത്തര്‍, ബാംഗ്ലൂര്‍, പാലക്കാട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നു വന്ന ചില ഫോണ്‍കോളുകള്‍ എനിക്ക് മറക്കാനാവില്ല.ഇതില്‍ പലരും എന്റെ ജ്യേഷ്ഠസ്ഥാനത്തു നില്‍ക്കുന്നവരാണ്.ഇവരെല്ലാം ഇന്നു സജീവമായി ബ്ലോഗിലുള്ളതിനാലാണ് ഞാന്‍ അവരുടെ പേര് പറയാതെ സ്ഥലനാമങ്ങള്‍ എടുത്ത് പറഞ്ഞത്.

ബ്ലോത്രം:"പെരുമാറാവുന്ന പ്രമേയം എന്തോ ആവട്ടെ, ആര്‍ജ്ജവം കൊണ്ടാണ്, ആത്മാര്‍ത്ഥത കൊണ്ടാണ് സഗീര്‍ കൈയൊപ്പ് ചാര്‍ത്തുന്നത്" താങ്കളുടെ കവിതകളെപ്പറ്റി അനുരഞ്ജന വര്‍മ്മയുടെ വിശകലനത്തില്‍ നിന്നുള്ള വാചകമാണിത്. ഇത് പലപ്പോഴും സത്യമെന്ന് തോന്നിയിട്ടുള്ളതുമാണ്. താങ്കള്‍ എന്ത് പറയുന്നു?

സഗീര്‍:തീര്‍ച്ചയായും,ആത്മാര്‍ത്ഥതക്ക് ഞാന്‍ എപ്പോഴും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കാറുണ്ട്.ഈ അനുരഞ്ജന വര്‍മ്മ ഒരു അനോണിയാണ്,പക്ഷെ എഴുത്തിന്റെ രീതി കണ്ട് ഇയാള്‍ ബൂലോകത്തുള്ള ഏതോ ഒരു പുലിയെന്നകാര്യത്തില്‍ സംശയമില്ല!

ബ്ലോത്രം:"വേട്ടപക്ഷി കൊത്തിവലിച്ചിട്ട കുടല്‍മാലയില്‍ നിന്നു ചീറ്റിയ ജലത്താല്‍ വിശ്വമാകെ ശീതമായ്.
അപ്പോഴും ആ കണ്ണുകളില്‍ ജീവനുണ്ടായിരുന്നു!" കവിയുടെ വിശ്വം ഇന്ന് ശീതമാണോ, മടങ്ങി വന്നിട്ടും നിരന്തരം എഴുതുന്നതിനു പകരം അലസമായി കാണപ്പെടുകയാണല്ലോ?

സഗീര്‍:ഒരിക്കലും ഞാന്‍ അലസമായിട്ടില്ല,എഴുത്തില്‍ നിന്ന് അലസനാകാന്‍ എനിക്ക് കഴിയില്ല!മുന്‍പും ഞാന്‍ നിരന്തരമായി എഴുതിയിരുന്നില്ല.മുന്‍പ് ഏടുകളില്‍ എഴുതിവെച്ചത് ബ്ലോഗിലേക്ക് നിരന്തരം ടൈപ്പ് ചെയ്തു കയറ്റുമായിരുന്നു.ഇപ്പോള്‍ അതിനു കുറവുവന്നിട്ടുണ്ട്.മുഖ്യകാരണം പാഥേയമെന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് എഡിറ്ററണ് ഇപ്പോള്‍.അതിലേക്ക് കിട്ടുന്ന വിഭവങ്ങള്‍ ക്രോഡീകരിച്ച് എല്ലാമാസവും അവസാന വാരത്തില്‍ പബ്ലിഷര്‍ക്ക് അയച്ചു കൊടുക്കേണ്ടതുണ്ട്.തീര്‍ച്ചയായും സജീവമാകാം എന്ന് ഞാന്‍ ഉറപ്പു തരുന്നു.

ബ്ലോത്രം:ഞങ്ങളോട് ഇത്രയും നേരം സഹകരിച്ചതിനുനന്ദി. ഭാവുകങ്ങള്‍!

സഗീര്‍: ബ്ലോഗില്‍ വളരെ അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട എന്നെ ഇത്തരത്തില്‍ വിശദമായി ഒരു ഇന്റര്‍വ്യൂ നടത്തിയ ബ്ലോത്രം പ്രവര്‍ത്തകര്‍ക്ക് ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.നിങ്ങളുടെ പുതിയ സംരംഭമായ വാരാന്ത്യപതിപ്പിന് എന്റെ ആശംസകള്‍,നന്ദി.

അഭിമുഖം ബ്ലോത്രത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക

3 comments:

 1. ബ്ലോഗില്‍ വളരെ അധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട എന്നെ ഇത്തരത്തില്‍ വിശദമായി ഒരു ഇന്റര്‍വ്യൂ നടത്തിയ ബ്ലോത്രം പ്രവര്‍ത്തകര്‍ക്ക് ഞാന്‍ എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.നിങ്ങളുടെ പുതിയ സംരംഭമായ വാരാന്ത്യപതിപ്പിന് എന്റെ ആശംസകള്‍,നന്ദി.

  ReplyDelete
 2. ഗംഭീരമായിരിക്കുന്നു സഗീര്‍.
  ആരാണീ ബ്ലോത്രം?നമ്മുടെ തന്നെ സൃഷ്ടിയാണോ... :)
  എന്തേ ഈ പോസ്റ്റ് ബ്ലോഗുപുലികളൊന്നും കണ്ടില്ലേ?
  കമന്റൊന്നും കാണുന്നില്ല...

  ReplyDelete
 3. നന്നായി സഗീര്‍............

  ReplyDelete