എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, September 10, 2016

അരൂപിയുടെ ഗ്രാമം



എനിക്കറിയാം ഇതാരുടെ വീടാണെന്ന്
ഇതൊരു വീടല്ല ഗ്രാമമാണ്...

എന്തൊരു കുളിര്‍മയാണീമണ്ണിന്
ഇവിടെത്തെ ഇരുട്ടിനുമുണ്ട് ഒരു പ്രകാശം
എന്തൊരു സമാധാനമാണ് ഇവിടെ !...

എന്റെ വീടിവിടെയായിരുന്നെങ്കില്‍
എന്നാശിച്ചുപോകുന്നു ഞാന്‍...

അവന്‍ എന്നെ കയറ്റില്ല
ഇവിടെ എന്നെനിക്കറിയാം....

അവനെന്നെ കാണാനാകില്ലല്ലോ?
ഞാന്‍ അരൂപിയാണല്ലോ?

ആരാണ് എന്നെ അരൂപിയാക്കിയത്?
രാഷ്ട്രീയമോ?
മതമോ?
അതോ
തീവ്രവാദമോ?

ഇവരാരുമല്ല!...
ഞാന്‍ മാത്രം!
എന്റെ ചിന്തകള്‍ മാത്രം!...

എനിക്കറിയാം ഇതാരുടെ വീടാണെന്ന്
ഇതൊരു വീടല്ല ഗ്രാമമാണ്...

നന്മക്കും തിന്മക്കും ഇടയിലുള്ള
നേരിലേക്ക് ഇനിയും എത്ര ദൂരം...

എനിക്കറിയാം
അവരെന്നെ കയറ്റില്ല!

Tuesday, October 13, 2015

നരഭോജികൾ


മനുഷ്യജീവൻ പിച്ചി ചീന്തി,
ചോര കൊണ്ട്‌ ദാഹം
തീർക്കുന്ന മനുഷ്യ പിശാചുകൾ!.

കൈയ്യിലായുധമേന്തി,
മനുഷ്യമാംസം
വെട്ടിനുറുക്കാനായിവർ,
മനുഷ്യരൂപേണ ഭൂമിയിൽ
അവതരിച്ച ഇരുകാലികൾ!.

ഇവർ നരഭോജികൾ!,
ഇവർ മനുഷ്യ പിശാചുകൾ!.

Thursday, October 1, 2015

ജീവിതമെന്ന പരീക്ഷ


ഭൂതകാലം
ഉപയോഗശൂന്യമായ
കടലാസ്സും,
വർത്തമാനകാലം
ദിനപത്രവും,
ഭാവികാലം
ചോദ്യപേപ്പറുമായതിന്നാൽ;

ശ്രദ്ധയോടെ
വായിക്കുകയും,
എഴുതുകയും
ചെയ്യ്തില്ലെങ്കിലതുവീണ്ടും,
ഉപയോഗശൂന്യമായ
കടലാസായിമാറും!.

Friday, August 2, 2013

ആദരാഞ്ജലികള്‍!...


ഇത് പൊട്ടില്ല!.
ഇത് ചില്ലല്ല!
ഇത് ലോഹമാണ്!.
ഇത് ആറന്മുള കണ്ണാടി!.

Wednesday, July 31, 2013

വിധി



ചില്ലിട്ടുതൂക്കിയ ചുമരിലെ
ചിത്രചില്ലില്ലേക്ക്
കാറിനടിയിലെ റോഡില്‍
നിന്നുംതെറിച്ച കല്ല്
ചില്ലുടച്ചപ്പോള്‍ ചിത്രം
കല്ലിനെ നോക്കി പറഞ്ഞു
ഞാനും നീയും തുല്യ ദു:ഖിതര്‍,
മരിച്ചിട്ടും ജീവിക്കുന്നവര്‍!. വിധി

Friday, October 12, 2012

പ്രണയം + രോഷം = പിണക്കം



സ്നേഹം പ്രണയമല്ല!,
പ്രണയം സ്നേഹവുമല്ല!.

എന്നാല്‍ ,
സ്നേഹത്തില്‍ പ്രണയവും,
പ്രണയത്തില്‍ സ്നേഹവും കാണാം!.

പക്ഷെ, എങ്ങിനെ തിരിച്ചറിയും?
അവനെ ഞാന്‍ അവന്റെ
അമ്മയുടെ അടുത്തേക്ക് വിട്ടു
അവിടെ ഉത്തരമുണ്ടായിരുന്നു!.

ദേഷ്യം രോഷമല്ല!,
രോഷം ദേഷ്യവുമല്ല!.
എന്നാല്‍ ,
ദേഷ്യത്തില്‍ രോഷവും,
രോഷത്തില്‍ ദേഷ്യവും കാണാം!.

പക്ഷെ,
എങ്ങിനെ തിരിച്ചറിയും?
അവനെ ഞാന്‍ അവന്റെ
അച്ചന്റെ അടുത്തേക്ക് വിട്ടു
അവിടെ ഉത്തരമുണ്ടായിരുന്നു!.

അമ്മയില്‍ നിന്നറിഞ്ഞ
സ്നേഹത്തിലെ പ്രണയവും
പ്രണയത്തിലെസ്നേഹവും,
അച്ചനില്‍ നിന്നറിഞ്ഞ
ദേഷ്യത്തിലെ രോഷവും
രോഷത്തിലെ ദേഷ്യവും,
കൂട്ടിവായിച്ചപ്പോള്‍
അച്ചനും അമ്മയും
പിണങ്ങിയതിന്റെ
രഹസ്യം അവനു മനസിലായി!.

സ്നേഹമുള്ളിടത്തേ
പിണക്കമുണ്ടാകൂ
എന്ന രഹസ്യം !.

Friday, October 5, 2012

കോഴികളുടെ അഥവാ പ്രവാസികളുടെ ജീവിതം



(കേഴികള്‍ വിലയിരുത്തുമ്പോള്‍ )

മണ്ണോ?മണ്ണിരയേയോ
കണ്ടിട്ടില്ല ഞങ്ങള്
തവിടു തിന്ന് വെള്ളം കുടിച്ച്
ചിക്കിച്ചികയാനറിയാതെ
കൊലക്കത്തിയാൽ
വറച്ചട്ടിയിലേക്ക്
ഹോമിക്കുന്നു നിങ്ങൾ
ഞങ്ങളുടെ ജീവിതം!

മണ്ണും കുടുബവും
വിട്ട് നിങ്ങൾ
തൈരു കൂട്ടി ഖുബ്ബൂസ് തിന്ന്
ചിക്കിചികയാൻ ശ്രമിക്കാതെ
പ്രവാസക്കത്തിയാൽ
ജീവിത ചട്ടിയിലേക്ക്
ഹോമിക്കുന്നു നിങ്ങൾ
നിങ്ങളുടെ ജീവിതം!

Friday, August 10, 2012

മൂന്ന് കവിതകള്‍

ജാതി ഭ്രാന്തരുടെ സ്വന്തം നാട്

പണ്ടിവിടെ
വോട്ടെത്രയെന്ന്
ചൊല്ലിയിരുന്നത്,
മാർക്കിസ്റ്റുകോൺഗ്രസ്സുബിജെപി-
യെന്നായിരുന്നെങ്കിലിന്നത്;
നായരീഴവലത്തീങ്കത്തോലിക്ക-
സുറിയാനിവഹാബിമുജാഹിദ്
സുന്നിയെന്നെല്ലാമാണ്!
ഇത് ജാതി ഭ്രാന്തരുടെ സ്വന്തം നാട്!.

പ്രവാസി

വന്ന നാടും
നിന്ന നാടും
അന്യമായ
നാട്ടുകാർ
നമ്മൾ പ്രവാസികൾ!.

ജനാധിപത്യം

ജാതിചോദിപ്പവനോട്
കണ്ടാലറിഞ്ഞിലെങ്കില്ലെങ്ങിനെ,
ചൊല്ലിയാലറിയാമെന്നു
മൊഴിഞ്ഞ ഗുരുദേവാ,
ഇന്നതിൻ പേരിവിടെ
ജനാധിപത്യമെന്നാണ്!.

Thursday, February 16, 2012

മുല്ലപ്പൂവിലെ വിപ്ലവം



ഇന്നലെ,
തൂവെള്ളതൂപ്പിൽ
മുല്ലപ്പൂമണം!.

ഇന്ന്,
വെടിപുകയേറ്റ
ചോരയുടെ മണം!.

സിംഹാസനം നഷ്ട്മായ
ഭരണാധികാരികൾ ,
അറബിക്കടലിലെ
ചുഴികളിൽ പെട്ട്
ശവം തീനികൾക്ക്
ഇരയായി!.

Thursday, December 22, 2011

മുല്ലപെരിയാര്‍ ഡാം അഥവാ ന്യൂ പെരിയാര്‍ ഡാം!.



മലയാളിയുടെയും,
തമിഴന്റെയും,
മുല്ല പെരിയാർ
തർക്കം മൂത്തപ്പോൾ;
*രാമനും **ജോണും
ശവകുഴിയിൽ
നിന്നും പുറത്തുവന്ന്
പാട്ടക്കരാറിൽ നിന്ന്
അവരിട്ട ഒപ്പുകളിലെ
മഷി തിരിച്ചെടുത്തു!.

മുല്ലയാറും പെരിയാറും
രണ്ടായി പിരിഞ്ഞൊഴുകി!
തിരുവിതാംങ്കൂർ രാജാവിനു-
ഹൃദയരക്തം തിരിച്ചു കിട്ടി!.

ആയിരം വർഷങ്ങൾക്ക് ശേഷം
മുല്ലപെരിയാർ സന്ദർശിച്ച
വാർത്താ സംഘം,
സൂർഖിമിശ്രിതത്താൽ
നിർമ്മിച്ച ഏറ്റവും പഴക്കം ചെന്ന
മുല്ലപെരിയാർ ഡാമ്മിന്റെ,
ഉറപ്പിനെ വാനോള്ളം പുകഴ്ത്തി!.

മടങ്ങു വഴി,
കേരളം നിർമ്മിച്ച
പന്ത്രണ്ടാമത്തെ
ന്യൂ പെരിയാർ ഡാമിലെ
ചോർച്ചക്കെതിരെയും,
നിർമ്മാണത്തിലെ
അഴിമതിക്കെതിരെയും,
പോരാടുന്നവരുടെ
നിരാഹാരപന്തലും
സന്ദർശിച്ചു ഈ സംഘം!.

* മുല്ലപെരിയാര്‍ പാട്ടക്കരാറില്‍ തിരുവിതാംങ്കൂറിനു വേണ്ടി ഒപ്പുവെച്ച വി.രാമയ്യങ്കാര്‍ .
** മുല്ലപെരിയാര്‍ പാട്ടക്കരാറില്‍ മദിരാശിക്കു വേണ്ടി ഒപ്പുവെച്ച സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടെണ്‍ .

Wednesday, August 24, 2011

ലോകപാലും അഫ്‌സപയും


സമരപന്തലില്ലാതെ,
പ‌തിനായിരങ്ങളില്ലാതെ,
പിന്തുണക്കാനാരുമില്ലാതെ,
ഇവിടെ നമ്മുടെ നാട്ടില്‍ ,
പതിന്നൊന്നു വര്‍ഷമായി,
ഇറോം നടത്തുന്നുണ്ടൊരു-
സമരം,നിരാഹാരസമരം!.

ക്യാമറച്ചില്ലും,
ന്യൂസ്സ് ബോക്സ്സും,
മറന്നുപോയൊരീ സമരം!.

*അഫ്‌സപയെന്ന,
കിരാത നിയമത്തിനെതിരെ,
ഗാന്ധാരി കണക്കേ,
അഴിച്ചിട്ടമുടിയുമായി,
ഇറോം എന്ന കവയിത്രി,
നടത്തുന്നുണ്ടിവിടെ,
ഒരു സഹനസമരം!.

രണ്ടാം സ്വാതന്ത്ര്യസമരമായി,
വന്ന ‘അണ്ണ’ക്കൊപ്പം
പായുന്ന ജനങ്ങളേ;
നിങ്ങളറിയുന്നുണ്ടോ?
ഈ ഉരുക്കു വനിത,
നടത്തുമീ സമരം!.

അരാജകത്വം,
സർവ്വവ്യാപിയായി,
നടമാടുമീ കലിയുഗത്തിൽ ,
ഈ സമരിനിക്കൊപ്പം
അണിനിരക്കുക നിങ്ങൾ ,
പറയുക നിങ്ങൾ ,
"WE ARE SUPPORTING IROM SHARMILA"!.

*ആംഡ് ഫോർസ് സ്പെഷൽ പവർ ആക്ട്‌

Saturday, July 30, 2011

ഒരു പ്രേമകാവ്യം അഥവാ ഒരു മാപ്പിള ഗാനം


“വെണ്ണിലാ പാലെടുത്ത്
വെണ്ണക്കല്‍ പൊടി കുഴച്ച്
പെണ്ണേ നിന്നെ പടച്ചതെന്തിന്
പൊന്നു തമ്പുരാന്‍

ചേലൊത്തൊരു പൂമാരനെ
ഭൂമിയില്‍ പടച്ചപ്പോ
അവനായി പടച്ചതാണീ പടപ്പ്
പെണേ നിനക്കായ് ചമച്ചതാണീ മൊഞ്ച്

മധുവൂറും കിനാക്കളുണ്ടോ
കിനാക്കള്‍ പൂക്കും ഖല്‍ബുണ്ടോ
നിന്റെയുള്ളില്‍ കുടിയിരുന്നാ
മധുര ലഹരി നുകര്‍ന്നോട്ടെ
പെണ്ണേ നിന്‍ പൂങ്കാവനത്തില്‍
ഞാനൊരു മധുപനായി പറന്നോട്ടെ“ (ആണ്ണ്)

“കിനാവ് പൂക്കും ഖല്‍ബുണ്ട്
ഖല്‍ബ് നിറയും കിനാക്കാളിലെന്നും
നീ വന്ന് തേനുണ്ട് പോണുണ്ട് പൊന്നേ
രാവ് തോറും എന്‍ മനസ്സില്‍
രാഗമായി നീ നിറയുന്നു കണ്ണേ.“ (പെണ്ണ്)

“കൈപിടിച്ചെന്‍ മണിയറയില്‍
കുടിയിരുത്താന്‍ എത്രനാളായ്
കൊതിക്കുന്നു എന്റെ മോഹ പുഷ്പമേ
തുടി തുടിക്കും മോഹമെത്രനാള്‍
ഞാന്‍ മൂടിവെക്കുമെന്റെ പൊന്നേ?“ (ആണ്ണ്)

“പട്ടുടുത്ത് തട്ടമിട്ട്
പട്ടുമെത്ത വിരിച്ച്
ഞാന്‍ കാത്തിരിക്കാം
പ്രിയ തോഴാ നിക്കായ്

എന്റെ ഖല്‍ബിലെ തുടിക്കൊട്ട്
നീ കേള്‍ക്കണില്ലേ പ്രിയാ നീ
കരള്‍ പിളരും വേദനയാല്‍
പിടയുന്നിവിടെ ഞാന്‍

ഒന്നു ചേരാന്‍ നിന്നിലലിയാന്‍
എന്നു തുടങ്ങിയതാണീ ദാഹം
നിനക്കായ് കാത്തിരിക്കാം ഞാന്‍
വരിക നീയെന്‍ ചാരെ“ (പെണ്ണ്)

Saturday, May 14, 2011

ഒരു ചാണ്‍ വയര്‍ കെട്ടും കോലങ്ങള്‍


ആനന്ദം വില്‍ക്കുന്നവര്‍
കരുത്ത് വില്‍ക്കുന്നവര്‍
ശരീരം വില്‍ക്കുന്നവര്‍
അറിവുകള്‍ വില്‍ക്കുന്നവര്‍
അഭിനയം വില്‍ക്കുന്നവര്‍

നീളുന്ന പട്ടികയില്‍
തന്റെ സ്ഥാനമറിയാതെ
അവന്‍ ആകാശം
ലക്ഷ്യമാക്കി നടന്നു

അപ്പോള്‍ അവന്റെ
ശരീരത്തില്‍ ഒരു ചാണ്‍
വയര്‍ ഉണ്ടായിരുന്നില്ല!.

Tuesday, April 5, 2011

ദൈവങ്ങളുടെ പുതിയ മുഖങ്ങള്‍


അനുഗ്രഹമെന്നാല്‍
അമ്പലവും
ആശ്വാസമെന്നാല്‍
ആശുപത്രിയുമാണെങ്കില്‍ ;

ദൈവങ്ങളുടെ
പുതിയ മുഖങ്ങളല്ലേ?
ഈ പൂജാരിയും,
ഡോക്ടറും!.

Monday, February 14, 2011

വൃദ്ധ സദനം


ചുവര്‍ നഷ്‌ടമായ
ആ പഴയ ചിത്രം
മാലിന്യകൂമ്പാരത്തിലെ
പുതിയ അഥിതിയായി!.

രണ്ട് ദിക്കില്‍ നിന്നു വന്നു,
ഒരു കൂട്ടിലവര്‍ ,
ഭാര്യയും ഭര്‍ത്താവുമായി!.

പിന്നെയവര്‍ ,
അച്ചനും അമ്മയുമായി.

ഒടുവിലവര്‍ ,
അമ്മൂമ്മയും അപ്പൂപ്പനുമായി.

ഇപ്പോളവര്‍ ,
വൃദ്ധസദനത്തിലോ?
ശ്‌മശാനത്തിലോ?
അറിയില്ല!.

ക്രൂരമായ കാലത്തേയും,
മനുഷ്യ ചെയ്തികളേയും,
പരിഹസിക്കുകയാണിപ്പോഴും
എച്ചില്‍ കൂമ്പാരത്തിലെ ആ ചിത്രം!.

അവരിപ്പോഴും,
ചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്തോ,
പട്ടിയുടെ കടിയോ,
ദുര്‍ഗന്ധമോ അവര്‍ക്കേല്‌ക്കില്ല!.

ഉപേക്ഷിച്ചവര്‍ അറിയാതെ
ചെയ്ത ആ പുണ്യത്തില്‍ ,
നമ്മുക്കവരെ സ്തുതിക്കാം, വെറുക്കാം.

സ്വപ്നങ്ങള്‍ ,
നിശബ്ദ നൊമ്പരമാവുന്ന
എച്ചില്‍ കൂമ്പാരത്തില്‍
പുതിയ അഥിതിയായി
അവര്‍ കിടന്നു.

Tuesday, February 1, 2011

നീതിന്യായം


തെറ്റുകള്‍ പറ്റുന്ന
നീതിന്യായം ഉള്ളപ്പോള്‍
തെറ്റുകള്‍ പറ്റാത്ത
മനുഷ്യര്‍ നീതിക്കായി
ആരുടെ മുന്നില്‍
കീഴ്പ്പെടണം!.

Thursday, January 20, 2011

കൊടിയേറ്റവും കൊടിയിറക്കവും


തേക്കിനും തെമ്മാടിക്കും
എവിടെയും കിടക്കാം

തേക്ക് ഈര്‍ച്ചക്കത്തിക്കും
തെമ്മാടി കൊലക്കത്തിക്കും
ഇരയായേക്കാം!.

എന്നാല്‍
തേക്ക് ശില്പമായ് എന്നും
നമ്മുക്കിടയിലുണ്ടായിരിക്കും
തെമ്മാടി മറവിയിലൂടെ മണ്ണടിയും.

Wednesday, December 22, 2010

ഒരു കാഴ്ച്ച


നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !

ഈ വരികള്‍ ശ്രുതിലയം എന്ന ബ്ലോഗിലും വായിക്കാം

Sunday, December 12, 2010

മാധ്യമപ്രവര്‍ത്തനം.



ചിത്രം:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

എടുക്കുന്നുണ്ടവര്‍
തെളിവുകള്‍
എന്നാലിവര്‍
പോലീസുകാരല്ല!

ചാര്‍ത്തുന്നുണ്ടവര്‍
കുറ്റങ്ങള്‍
എന്നാലിവര്‍
സാക്ഷികളല്ല!

പറയുന്നുണ്ടവര്‍
വിധികള്‍
എന്നാലിവര്‍
ജഡ്ജികളല്ല!

ഇറക്കുന്നുണ്ടവര്‍
പ്രസ്താവനകള്‍
എന്നാലിവര്‍
നേതാക്കളല്ല!

പായുന്നുണ്ടവര്‍
തലങ്ങും വിലങ്ങും
എന്നാലിവര്‍
ഓട്ടക്കാരുമല്ല!

തെളിവെടുപ്പും
കുറ്റംചാര്‍ത്തലും
ഈ വിധിപറച്ചിലും
പ്രസ്താവനയിറക്കലു-
മീപാച്ചിലുമെല്ലാം
റിപ്പോര്‍ട്ടിനായി മാത്രം!

ഇവര്‍ എക്സ്ക്ലൂസീവ്
റിപ്പോര്‍ട്ടിറക്കുന്നവര്‍!

വൃത്തികെട്ടരീതിയില്‍
പാടിപ്പെരുപ്പിക്കുന്നുണ്ടവര്‍
കച്ചവട താല്പര്യവും;
സ്ഥാപിത താല്പര്യവും!

മോശമീ സാംസ്കാരിക
മലിനീകരണം!
ഭേദമീ പരിതസ്ഥിതി
മലിനീകരണം!

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍!
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!

ഈ കവിത ജയകേരളം എന്ന ഓണ്‍ലൈന്‍ മാഗസിനിലും വായിക്കാം.
ഈ വരികള്‍ ശ്രുതിലയം എന്ന ബ്ലോഗിലും വായിക്കാം

Tuesday, November 2, 2010

വോട്ടര്‍മാര്‍ക്കു നന്ദി


ചിക്കന്‍ ബിരിയാണിയുടെ
പുളിച്ചു തേട്ടുന്ന
ദുര്‍ഗന്ധവും പേറി,
പാതാളഗര്‍ത്തത്തെ
അനുസ്മരിപ്പിക്കുമാറുള്ള
റോഡിലൂടെ യാത്ര ചെയ്യവെ,

അതാ,കേള്‍ക്കുന്നു,
ഘോരാ ഘോരം
ജയ് വിളികള്‍ ‍,

ഞങ്ങളുടെ നേതാവിനെ
വോട്ടുചെയ്തു വിജയിപ്പിച്ച
വോട്ടര്‍മാര്‍ക്കു നന്ദി,
ഒരായിരം നന്ദി.

നിങ്ങളെ സേവിക്കാന്‍
ഇനിയുമൊരവസം കൂടി തന്ന
നിങ്ങള്‍ക്ക് നന്ദി,നന്ദി,നന്ദി